ദൈവഹിത സഭാചരിത്രം

ദൈവഹിത സഭ എന്ന സെക്കുലർ സഭ 1985 ജൂലൈ മാസം 2-ആം തിയതി കാനഡ മഹാരാജ്യത്തിൽ ക്യുബെക് പട്ടണത്തിൽ ട്രോയ്‌സ് റിവിയർസ് (മൂന്ന് നദികളുടെ നാട്) എന്ന സ്ഥലത്ത് ഫാ.ലൂയി മരിയ പരാങിനാൽ സ്ഥാപിതമായി. ഈ സഭയ്ക്ക് 1987 ൽ മാർപ്പാപ്പയുടെ അംഗീകാരം ലഭിച്ചു. ഈ സഭയിൽ വൈദീകർ, അവിവാഹിത ഏകാംഗർ, വിവാഹിതർ, ആത്മീയ സഞ്ചാരികൾ അംഗങ്ങളായിട്ടുണ്ട്. ഇവർ ദാരിദ്ര്യം, ബ്രഹ്‌മചര്യം, അനുസരണം എന്നീ ദൈവീക പുണ്യങ്ങൾ വഴി ഏല്പിക്കപ്പെട്ടിട്ടുള്ള ലൗകീകകർത്തവ്യങ്ങളിൽ വ്യാപൃതരായിക്കൊണ്ട് ക്രിസ്തീയ ജീവിതം പരിപൂർണമാക്കാൻ ശ്രമിച്ചുകൊണ്ടേയിരിക്കുന്നു. ആശ്രമ സമൂഹങ്ങൾ പോലെ ഇവർ സമൂഹ ജീവിതം നയിക്കുന്നില്ല. എങ്കിലും 'മൂന്ന് അഞ്ചുകളുടെ' ആധ്യാത്മികതയിലൂടെ വ്യക്തിപരമായി പുണ്യം പ്രാപിക്കാൻ ശ്രമിക്കുന്നു. ഈ 'ലോകത്തിന്റെ ഉപ്പും ഭൂമിയുടെ പ്രകാശവും പുളിമാവു'മാകാൻ സഭ വിളിക്കുന്നു.

1945 ൽ ക്യുബെക് രൂപതാ മെത്രാനായിരുന്ന അഭിവന്ദ്യ ഹെൻറി റോയ്‌തിറിന്റെ കീഴിൽ ഫാ.ലൂയി മരിയ പരാങ് (OMI) പ്രവർത്തിച്ചു വരികയായിരുന്നു. ആസമയത്താണ് പന്ത്രണ്ടാം പിയൂസ് മാർപ്പാപ്പ വ്യവഹാരികമായ (secular) ജീവിതശൈലിക്ക് നിയമം വഴി അംഗീകാരം നൽകിയത്. അതിന് മുമ്പ്തന്നെ ഫാ.ലൂയി മരിയ പരാങിന് അവിവാഹിത സ്ത്രീകൾക്കുവേണ്ടി വ്യവഹാരികമായ ഒരു സ്ഥാപനം (institute) തുടങ്ങണമെന്ന് ആഗ്രഹമുണ്ടായിരുന്നു. അങ്ങനെ 1952 ൽ സ്ത്രീകൾക്കുവേണ്ടി അദ്ദേഹം ഒബ്‌ലെറ്റ്സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് (Oblate Missionaries Of Mary Immaculate)എന്ന സഭ സ്ഥാപിച്ചു.

അധികം താമസിയാതെതന്നെ അദ്ദേഹത്തിന് വൈദീകർ, അവിവാഹിത വിവാഹിതർ എന്നിവർക്കുവേണ്ടി ഒരു സഭ തുടങ്ങാൻ ആഗ്രഹമുണ്ടായി. അങ്ങനെ അദ്ദേഹം ദൈവഹിത സഭ എന്ന സഭ സ്ഥാപിച്ചു. പെട്ടെന്ന് തന്നെ ജീവിതത്തിന്റെ നാനാതുറയിലുമുള്ള ധാരാളം ആൾക്കാർ ഈ സഭയിലേക്ക് ആകർഷിക്കപ്പെടുകയും ഇതിന്റെ അംഗങ്ങളാകുകയും ചെയ്തു. സഭാസ്ഥാപനത്തിന്റെ ഏഴാം വർഷംതന്നെ അതായത് 1965 ജൂലൈ 2 തിയതി ക്യുബെക് രൂപത ഔദ്യോഗികമായി സഭയെ അംഗീകരിച്ചു. 1987 ജൂലൈ 21 ന് മാർപ്പാപ്പയുടെ അംഗീകാരവും ലഭിച്ചു.

ദൈവഹിത സഭ ഇന്ത്യയിൽ

1967 ലാണ് ദൈവഹിത സഭ ഇന്ത്യയിൽ വേരോട്ടം ആരംഭിക്കുന്നത്. സഭാ സ്ഥാപകനായ ഫാ.ലൂയി മരിയ പരാങ് തിരുവനതപുരം രൂപതയുടെ അന്നത്തെ മോണ്സിഞ്ഞോരായിരുന്ന മാർക്ക് നെറ്റോയുടെ സഹായത്തിൽ ഇന്ത്യൻ മണ്ണിൽ സഭയുടെ വിത്ത് പാകി. മോണ്സിഞ്ഞോർ മാർക്ക് നെറ്റോയാണ് ഇന്ത്യയിലെ ആദ്യത്തെ അംഗം. തുടക്കത്തിൽ ഇന്ത്യൻ സഭ ശ്രീലങ്കയുടെ കീഴിൽ പ്രവർത്തിച്ച് വരികയായിരുന്നു. തുടർന്ന് തിരുവനതപുരം രൂപതയിലെ ഏതാനും വൈദീകർ സഭയിൽ ചേർന്നു. ഒപ്പംതന്നെ ഒൻപതുപേർ അടങ്ങുന്ന ആദ്യത്തെ വൈദീക വിദ്യാർത്ഥികളെ കണ്ടെത്തുകയും അവർക്കായി പരിശീലനം തുടങ്ങുകയും ചെയ്തു. അവർ സ്കൂൾ വിദ്യാഭാസവും വൈദീക പരിശീലനവും ഒരുമിച്ച് ചെയ്തു.

ഇന്ത്യൻ സഭയെ ആദ്യവർഷം ഫാ.മരിയോ ലോറേശ് നയിച്ചു.അദ്ദേഹം ഇന്ത്യയിൽ നിന്ന് പോയ ശേഷം ഫാ. വിൽഫ്രഡ് നാല് വർഷങ്ങൾ അടങ്ങുന്ന രണ്ട് തവണ സഭയെ നയിച്ചു. തുടർന്ന് ഫാ. ജോസഫ് തണ്ണിക്കോട്ട് രണ്ട് തവണ സഭയെ നയിച്ചു. ഈ കാലയളവിൽ സഭ കൂടുതൽ വിപുലീകരിക്കപ്പെട്ടു. തുടർന്ന് ഫാ.നെപ്പോളിയൻ ഗോമസ് സഭയെ പുതിയ തലങ്ങളിലേക്ക് ഉയർത്തി.പ്രത്യേക സാഹചര്യത്തിൽ അദ്ദേഹവും കൗൺസിൽ അംഗങ്ങളും 2016 മാർച്ചിൽ രാജിവെച്ചു.ആപ്പോൾ താൽക്കാലിക സഭാതലവനായി ഫാ.ഇന്നാസി മുടിയപ്പനെ 2016 ഡിസംബർ വരെ നിയമിച്ചു.